ഏറ്റവും ശ്രദ്ധേയമായ മാറ്റം സ്റ്റാര്‍ട്ട് ബട്ടണ്‍ വിന്‍ഡോസ് 8.1 ല്‍ മടങ്ങിയെത്തി എന്നതാണ്. ഒപ്പം പരമ്പരാഗത ഡെസ്‌ക്‌ടോപ്പ് ഇന്റര്‍ഫേസ് ഉപയോഗിച്ച് കമ്പ്യൂട്ടറിനെ ബൂട്ട് ചെയ്യാനും കഴിയും.
മൊബൈല്‍ ഉപകരണങ്ങളുടെ ആധിക്യത്തില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ആഗോളവില്‍പ്പന കുറയുന്ന സമയത്താണ് പുതിയ വിന്‍ഡോസ് അപ്‌ഡേറ്റുമായി മൈക്രോസോഫ്റ്റ് രംഗത്തെത്തുന്നത്.
ടച്ച്‌സ്‌ക്രീനുള്ള കമ്പ്യൂട്ടിങ് ഉപകരണങ്ങളും, പരമ്പരാഗത കമ്പ്യൂട്ടിങ് ഉപകരണങ്ങളും തമ്മിലുള്ള വിടവ് നികത്തുകയെന്ന ലക്ഷ്യവുമായാണ് വിന്‍ഡോസ് 8 ഒഎസ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്.
ടാപ്പ് ചെയ്യുകയോ സ്വെയ്പ്പ് ചെയ്യുകയോ വഴി ആപ്ലിക്കേഷനുകളായി മാറ്റാവുന്ന ടൈലുകളടങ്ങിയ ഇന്റര്‍ഫേസ് (സമ്പര്‍ക്കമുഖം) ആണ് വിന്‍ഡോസ് 8 ല്‍ അവതരിപ്പിച്ചത്. ഡെസ്‌ക്‌ടോപ്പുകള്‍ക്കും ടച്ച്‌സ്‌ക്രീനുകള്‍ക്ക് ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതായിരുന്നു പുതിയ ഇന്റര്‍ഫേസ്.
എന്നാല്‍ , പല ഉപയോക്താക്കള്‍ക്കും വിന്‍ഡോസ് 8 ലെ ചതുര ഇന്റര്‍ഫേസ് അത്ര മികച്ചതായി അനുഭവപ്പെട്ടില്ല.
വേഗം വളരുന്ന ടാബ്‌ലറ്റ് വിപണിയില്‍ സ്വാധീനം ചെലുത്താന്‍ വിന്‍ഡോസ് 8 ന് കാര്യമായി സ്വാധിച്ചുമില്ല. മുമ്പ് പി.സികള്‍ക്ക് വേണ്ടിയിറക്കിയ വിന്‍ഡോസ് ഒഎസിനോട് മത്സരിക്കാന്‍ കാര്യമായി ആരും രംഗത്തുണ്ടായിരുന്നില്ല. എന്നാല്‍ , ടാബ്‌ലറ്റ് രംഗത്ത് ഇപ്പോള്‍ അതല്ല സ്ഥിതി. ആപ്പിളിന്റെ ഐഒഎസും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡും, വിന്‍ഡോസ് 8 ന് മുമ്പുതന്നെ ആ രംഗത്ത് സ്വാധീനമുറപ്പിച്ചു കഴിഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിലാണ് വിന്‍ഡോസ് 8.1 അപ്‌ഡേറ്റുമായി മൈക്രോസോഫ്റ്റ് എത്തുന്നത്. അതിന്റെ ചില സവിശേഷതകള്‍ നോക്കാം -
* സ്റ്റാര്‍ട്ട് ബട്ടണ്‍ - അതില്‍ ടാപ്പ് ചെയ്താല്‍ ടൈല്‍ഡ് ഇന്റര്‍ഫേസ് മുന്നിലെത്തും. സ്റ്റാര്‍ട്ട് ബട്ടണില്‍ അല്‍പ്പനേരം അമര്‍ത്തിവെച്ചാല്‍ സിസ്റ്റം കണ്‍ട്രോള്‍ തുറന്നുവരും.
* ഡെസ്‌ക്‌ടോപ്പ് മോഡ് - വിന്‍ഡോസ് 8 ലെ ടൈല്‍ഡ് ഇന്റര്‍ഫേസ് ഒഴിവാക്കാന്‍ സഹായിക്കുന്നതാണ് ഈ മോഡ്.
* കീബോര്‍ഡ് ഷോര്‍ട്ട്കട്ട്‌സ് - സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന കീബോര്‍ഡുകളുമായി മല്ലിടാതെ, അക്കങ്ങളും അക്ഷരങ്ങളും കമ്പോസ് ചെയ്യാന്‍ സഹായിക്കുന്നു.
* ജെസ്റ്റര്‍ കണ്‍ട്രോള്‍ - ചില ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്‌ക്രീനില്‍ തൊടേണ്ട ആവശ്യമില്ല, കൈയുടെ ചലനം മതി. പാചകം ചെയ്യുന്ന വേളയിലും മറ്റും ഇത് സഹായകമാകും.
* ടൈല്‍ സൈസിങ് - സ്‌ക്രീനിലെ ചതുര ബ്രോക്കുകളെ നാല് വ്യത്യസ്ത വലിപ്പത്തില്‍ ക്രമീകരിക്കാം.
* വെബ്ബ് ബ്രൗസിങ് - വ്യത്യസ്ത വെബ്ബ് പേജുകളെ വശംചേര്‍ത്ത് ഒരേ സമയം കാണാന്‍ ഇനി വിന്‍ഡോസ് കമ്പ്യൂട്ടറില്‍ കഴിയും.
* മള്‍ട്ടിടാസ്‌കിങ് - മള്‍ട്ടിടാസ്‌കിങിന് കൂടുതല്‍ മികച്ച പിന്തുണ വിന്‍ഡോസ് 8.1 നല്‍കുന്നു.
വിന്‍ഡോസ് 8 നിലവില്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേറ്റ് സൗജന്യമായി ലഭിക്കും. എന്നാല്‍ , വിന്‍ഡോസ് 7 ല്‍ നിന്നാണ് വിന്‍ഡോസ് 8.1 ലേക്ക് എത്തേണ്ടതെങ്കില്‍ കാശുകൊടുക്കണം. വിന്‍ഡോസ് 8 രംഗത്തെത്തി ഒരു വര്‍ഷം കഴിയുമ്പോഴാണ് പുതിയ അപ്‌ഡേറ്റ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയത്.